വിശുദ്ധ ഗീവരുഗ്ഗീസ് സഹദാ.

ക്രിസ്തു യേശുവിന്‍റെ നല്ല ഭടനായി നീ എന്നോടൊപ്പം കഷ്ടം സഹിക്കുക ( 2 തിമോത്തിയോസ് 2:3) എന്നുള്ള പ.പൗലോസ് ശ്ലീഹായുടെ ആഹ്വാനം അക്ഷരാര്‍ത്ഥത്തില്‍ ജീവിത ശൈലിയാക്കിയ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദാ മൂന്നാം നൂറ്റാണ്ടിലെ ഉത്തരാര്‍ദ്ധത്തില്‍ (എ.ഡി 275-ല്‍) കപ്പദോക്യായിലെ ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചു. പിതാവ് ജെരൊന്‍റിയോസ് റോമന്‍ സൈന്യത്തില്‍ സമര്‍ത്ഥനായ ഭടനായിരുന്നു.ഡയോക്ലീഷ്യയന്‍ ചക്രവര്‍ത്തിയുടെ അധികാര കാലായളവില്‍ ക്രിസ്ഥിയാനികള്‍ അനുഭവിച്ച, പീഡയുടെ ഫലമായി പാലസ്തീനിലെ ഡയാസ്പ്പോലീസിലെ ലിഡ്ഡാ എന്ന സ്ഥലത്തിലാണ് എ.ഡി 303- ല്‍ സഹദാ രക്ത സക്ഷി മരണം പ്രാപിച്ചത്.


വിശുദ്ധ ഗീവരുഗീസ് സഹദായും അഗ്നിസര്‍പ്പവും

വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ചരിത്രങ്ങളില്‍ വളരെ ശ്രേഷ്ഠമായ അദ്ഭുതമാണ് ഇത്. ലിബിയ പ്രദേശത്ത് മലയുടെ താഴ്വരയില്‍, ആ പട്ടണം മുഴുവന്‍ വിഷവായു തുപ്പി മലിനമാക്കികൊണ്ടിരുന്ന ഒരു സര്‍പ്പം ഉണ്ടായിരുന്നു.ചില പുസ്തകങ്ങളില്‍ ഇത് അഗ്നിയെ തുപ്പുവാന്‍ സാമര്‍ത്ഥ്യമുള്ള മഹാ വിഷസര്‍പ്പം എന്നും രേഖപ്പെടുത്തിയിരിക്കുന്നു.
പട്ടണ വാസികളെല്ലാവരും ഒന്നായി ഈ വിഷ സര്‍പ്പത്തെ കൊല്ലുവാന്‍ പല പ്രാവശ്യം സൈന്യത്തോടൊപ്പം ശ്രമിച്ചുവെങ്കിലും അതി കഠിനമായ വിഷം അതു പുറന്തള്ളുന്നതിനാല്‍ ആ ജനങ്ങള്‍ സ്വ രക്ഷയ്ക്കായി പിന്തിരിയേണ്ടിവന്നു.
ഈ രീതിയിലെ ദുഃഖമേറിയ സാഹചര്യത്തില്‍ അന്നത്തെ നറുക്ക് വീണത് ആ പട്ടണത്തിലെ രാജാവിന്‍റെ മകള്‍ക്കായിരുന്നു. വളരെ സുന്ദരിയും ദൈവഭക്തയും അവിവാഹിതയും ആയിരുന്നുവെങ്കിലും ആരും അവള്‍ക്ക് പകരമായി മരിക്കുവാന്‍ തയ്യാറായില്ല. ഇതു രാജാവിനെ വളരെ അധികം ദുഃഖിപ്പിച്ചുവെങ്കിലും ആ രാജാവ് മകളെ കല്യാണ വസ്ത്രങ്ങള്‍ ഉടുപ്പിച്ച് മണവാളനെ എതിരേല്ക്കുവാന്‍ പോകുന്ന മണവാട്ടിയെപ്പോലെ ഒരുക്കി ദുഃഖത്തോടെ മരണത്തെ സ്വീകരിക്കുവാന്‍ മനസ്സില്ലാ മനസ്സോടെ അയച്ചു. രാജകുമാരി ദുഃഖത്തോടെ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് പോകുമ്പോള്‍ ആ വഴി കടന്നു വന്ന ഗീവര്‍ഗ്ഗീസ് സഹദാ, ദുഃഖിതയായിരുന്ന രാജകുമാരിയുടെ രക്ഷകനായി എത്തി. കുതിരപ്പുറത്തായിരുന്ന സഹദാ തന്‍റെ കൈയ്യിലെ കുന്തംകൊണ്ട് ആ മഹാ സര്‍പ്പത്തെ കുത്തി കൊന്നു. ആ രാജകുമാരിയുടെ ഇടകെട്ടു വാങ്ങി സഹദാ ആ മഹസര്‍പ്പത്തിന്‍റെ കഴുത്തില്‍ കെട്ടി അവളുടെ കൈയ്യില്‍ കൊടുത്തു. അവള്‍ യാതൊരു പ്രയാസവും ഇല്ലതെ അതിനെ വലിച്ചുകൊണ്ട് പട്ടണ മധ്യത്തിലേക്ക് എത്തി. ആ മാരക സര്‍പ്പത്തെ കണ്ട ജനങ്ങള്‍ ഭയംകൊണ്ട് ഓടി ഒളിക്കുവാന്‍ തുടങ്ങി. “ഭയപ്പെടേണ്ട, നിങ്ങള്‍ കര്‍ത്താവില്‍ വിശ്വസിച്ച് മാമോദിസാ സ്വീകരിക്കുവെങ്കില്‍ ഞാന്‍ ആ സര്‍പ്പത്തെ പൂര്‍ണ്ണമായി കൊല്ലാം” എന്നു സഹദാ പറഞ്ഞപ്പോള്‍ രാജാവും ജനങ്ങളും സഹദായുടെ അപേക്ഷയെ പൂര്‍ണ്ണ മനസ്സോടെ സമ്മതിച്ചു.ആ മഹാ വിഷ സര്‍പ്പത്തിന്‍റെ ശവം മുറിച്ച് കൊണ്ടുപോകുവാന്‍ നാല് കാള വണ്ടി തന്നെ വേണമായിരുന്നു.
സ്ത്രീ പുരുഷډാരെ കൂടാതെ പതിനായിരത്തിലധികം ജനം മാമോദിസാ മുങ്ങി കര്‍ത്താവില്‍ വിശ്വസിച്ചു. രാജാവു അനേക സമ്പത്തും കാണിക്കകള്‍ നല്‍കിയെങ്കിലും അതെല്ലാം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുവാന്‍ രാജാവിനെ മടക്കി ഏല്പിച്ചിട്ട് നാല് ആവശ്യങ്ങള്‍ സഹദാ രാജാവിനോട് പറഞ്ഞു. 1. രാജാവ് ക്രിസ്തീയ പള്ളികളെ സംരക്ഷിക്കണം. 2. പുരോഹിതډാരെ ബഹുമാനിക്കണം. 3. രാജാവ് എല്ലാ ആരാധനാ ദിവസങ്ങളിലും ദേവാലയത്തില്‍ സന്നിഹിതനാകണം. 4. ദരിദ്രډാരോടു കരുണ കാണിക്കണം.


ഗീവരുഗ്ഗീസ് സഹദായുടെ രക്ത സാക്ഷി മരണം.

ഡയോക്ലീഷ്യയന്‍ മാക്സിമസ് എന്ന റോമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ക്രിസ്തിയാനികള്‍ അനേക പീഡകള്‍ സഹിക്കേണ്ടി വന്നു. പലരും സ്വരക്ഷയ്ക്കായി കര്‍ത്താവിനോടുള്ള വിശ്വാസത്തെ ത്യജിക്കേണ്ടി വന്നു. അന്യ ദൈവങ്ങളെ ആരാധിക്കണം എന്നുള്ള രാജ കല്പനയെ പൊതുജന മധ്യത്തില്‍ സഹദാ പരസ്യമായി കീറി കര്‍ത്താവിനോടുള്ള വിശ്വാസത്തെ വെളിപ്പെടുത്തി. പുറജാതി ക്ഷേത്രത്തിലെ ഭരണത്തലവനായ ദേദ്യാനോസ് സഹദായെ ബന്ധിയാക്കി കെട്ടിയിട്ട് തൂക്കി അടിച്ചിട്ട ശേഷം ചുട്ടു പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് കുത്തുകയും, മാരകമായ വിഷം നല്‍കിയെങ്കിലും സഹദായ്ക്ക് ഒന്നും ബാധിക്കാത്തത് കണ്ട് വിഷം കൊണ്ടു വന്ന ആള്‍ മാമോദിസാ മുങ്ങി കര്‍ത്താവില്‍ വിശ്വസിച്ചു. അനേകം ശിക്ഷകളെ സഹദാ അനുഭവിക്കേണ്ടി വന്നു. രണ്ട് രഥങ്ങളൂടെ ചക്രത്തില്‍ ഒരോ കാലിനെ കെട്ടി വിരുദ്ധ ദിക്കിലേക്ക് ചലിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും രഥം അനങ്ങാതെ നിന്നു. കോപത്തോടെ ദേദ്യാനോസ് സഹദായെ തിളക്കുന്ന് ഈയത്തിന്‍റെ ദ്രാവകത്തിലേക്ക് ഇട്ടു. സഹദായ്ക്ക് ഒന്നും സംഭവിച്ചില്ല ഇതു കണ്ട ദേദ്യാനോസ് അന്യ ദൈവങ്ങളുടെ മുമ്പാകെ ആരാധന നടത്തുവാന്‍ സഹദായോട് ആവശ്യപ്പെട്ടു. സഹദാ തോല്‍ക്കുന്നത് കാണാന്‍ വലിയ ഒരു ജനസമൂഹം തന്നെ കൂടിയിരുന്നു. സഹദാ ഉറക്കെ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു. ഉടനെ ആകാശത്തില്‍നിന്ന് തീ വീഴുകയും ആ ക്ഷേത്രത്തിലെ കെട്ടിടങ്ങള്‍, വിഗ്രഹങ്ങള്‍, പുരോഹിതര്‍ എന്നിവ വെന്ത് നശിച്ചു പോയി. ഇതു കണ്ട ദേദ്യാനോസിന്‍റെ ഭാര്യ കര്‍ത്താവില്‍ വിശ്വസിച്ചു. സഹദായെ പീഡിപ്പിച്ച് ജനങ്ങളെ പേടിപ്പിച്ച് ജനങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നത് തടയുവാന്‍ സാധിക്കാത്ത ദേദ്യാനോസ് വാള്‍ കൊണ്ട് വെട്ടി സഹദായുടെ ശിരച്ഛേദം ചെയ്തു. എങ്കിലൂം അനേകര്‍ കര്‍ത്താവില്‍ വിശ്വസിച്ചു. സഹദായെ വധിച്ച സ്ഥലത്തില്‍ നിന്ന് തിരിച്ചു പോകുവാന്‍ കഴിഞ്ഞില്ല. ദേദ്യാനോസ് അതേ സ്ഥലത്തു വച്ചുതന്നെ തീയ്ക്കിരയായി.
പാശ്ചാത്യ പൗരസ്ത്യ സഭകള്‍ നാലാം നൂറ്റാണ്ട് മുതല്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ എപ്രില്‍ 23 തീയതി ആഘോഷിക്കുവാന്‍ തുടങ്ങി.
നീതിമാന്‍റെ ഓര്‍മ്മ വാഴ്വ്വിന്നായി ത്തീരും ( സദൃ 10:7)


വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമെ.